Breaking News

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി

 

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകൾക്കും വിനോദ പരിപാടികള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ ഹാളുകളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് പുറമെ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോര്‍പ്പറേറ്റ് മീറ്റിങുകള്‍ എന്നിവയുൾപ്പെടെയുള്ള എല്ലാ ഇവന്‍റുകളും പാർട്ടികളും 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചെറിയ കൂടിച്ചേരലുകൾ ആവാം. പക്ഷെ അത്തരം പരിപാടികളിൽ 20 ൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല.

എല്ലാ വിനോദ, ഉല്ലാസ, കായിക പ്രവർത്തനങ്ങളും ഇവന്റുകളും നിർത്തി. സിനിമാശാലകൾ, റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ പാടില്ല.റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ ഡൈനിംഗ് സേവനങ്ങൾ നിർത്തി പാർസൽ മാത്രമാക്കി.

നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനം ആദ്യ ഘട്ടത്തിൽ 24 മണിക്കൂറും രണ്ടാമത് ആവർത്തിച്ചാൽ 48 മണിക്കൂറും മൂന്നാം തവണ ആവർത്തിച്ചാൽ ഒരാഴ്ചയും നാലാം തവണയും ലംഘനം തുടർന്നാൽ ഒരു മാസവും അടച്ചിടേണ്ടിവരും.

ആദ്യഘട്ടത്തിൽ ഫെബ്രുവരി 04 വ്യാഴാഴ്ച രാത്രി 10 മണി മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെങ്കിലും ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേ സമയം, ചൊവ്വാഴ്ച ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയത്.

No comments