Breaking News

പത്താം ദിനവും നിരാശ; തിരച്ചിൽ നാളെയും തുടരും

ബെംഗളൂരു: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാൾ. ഗംഗാവലി പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ വ്യക്തമാക്കി.

അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.എന്നാല്‍ ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.അതേസമയം ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ രാത്രിയിലും തുടരും. രാത്രിയില്‍ തെര്‍മല്‍ അനലൈസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. കൂടുതല്‍ ഒഴുക്കുണ്ടെങ്കില്‍ പുഴയില്‍ ഇറങ്ങാനാവില്ല. കാരണം അത് ആത്മഹത്യാപരമാണ്. ഏത് തരത്തിലുള്ള തിരച്ചിലിനും ദൗത്യ സംഘം തയ്യാറാണ്. ഡൈവിംഗ് സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അര്‍ജുന്റെ ലോറിയിലെ കെട്ടുപൊട്ടി തടികള്‍ നദിയില്‍ വീണുപോയിട്ടുണ്ട്.

എന്നാല്‍ ക്യാബിന്‍ വിട്ടുപോകാന്‍ സാധ്യതയില്ല. മണ്ണിടിച്ചിലില്‍ ക്യാബിന്‍ വിട്ടുപോകാന്‍ സാധ്യത കുറവാണ്. മരത്തടികള്‍ കുറേയേറെ കരയ്ക്കടിഞ്ഞിട്ടുണ്ടെന്ന് ഇന്ദ്രബാലന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. മൂന്ന് നോട്‌സ് വരെയാണ് നാവികസേന ഡൈവര്‍ക്ക് മുങ്ങിത്തപ്പാന്‍ കഴിയുക. എന്നാല്‍ പുഴയില്‍ എട്ട് നോട്‌സ് വരെ അടിയൊഴുക്ക് ശക്തമാണ്. അടിയൊഴുക്ക് കുറഞ്ഞാലും ഡൈവര്‍മാരെ ഇറക്കുക ശ്രമകരമാണ്.

അപകടം നടന്ന ഉടന്‍ അര്‍ജുന്റെ ലോറി മുങ്ങിപ്പോകാന്‍ സാധ്യതയില്ല. മരങ്ങള്‍ ഒഴുകി പോയതിന് ശേഷമായിരിക്കും ലോറി മുങ്ങിയത്. 18-20 അടി വരെ താഴ്ച്ചയിലാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

അര്‍ജുന്‍ ലോറിക്ക് അകത്താണോ പുറത്താണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇന്ദ്രബാലന്‍ പറഞ്ഞു. ലോറി കണ്ടെത്തിയ ഭാഗത്തത്തെ അടിയൊഴുക്ക് കുറയ്ക്കാനായി കൂടുതല്‍ ഭാഗങ്ങളില്‍ ഡ്രഡ്ജിങ് നടത്തുകയാണെന്ന് കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു.

No comments