Breaking News

'മാസ്ക് ധരിക്കണം'; കേരളത്തിൽ നിപ ജാഗ്രത

മലപ്പുറം; മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്.ആരോഗ്യ വകുപ്പു മന്ത്രി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ജൂലൈ 10 ന് പനി ബാധിച്ച 14 കാരൻ 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു.

No comments