പാലത്തായി പീഡനക്കേസ്; കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധം
കണ്ണൂരിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മാര്‍ച്ച് നടത്തി. സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പടെ നിരവധി പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു.
അതേ സമയം, കുറ്റപത്രം സമർപ്പിക്കാതെ കേസ് ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സാമൂഹിക-സാംസ്കാരിക-മാധ്യമരംഗങ്ങളിലെ വനിതകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നിരാഹാരസമരം നടത്തി.രമ്യ ഹരിദാസ് എം.പി, ലതിക സുഭാഷ് (സംസ്ഥാന പ്രസിഡൻറ് മഹിള കോൺഗ്രസ്), (എഡിറ്റർ, മറുവാക്ക്), ശ്രീജ നെയ്യാറ്റിൻകര (ആക്ടിവിസ്റ്റ്), അമ്മിണി കെ. വയനാട് സംസ്ഥാന പ്രസിഡൻറ്, ആദിവാസി വനിത പ്രസ്ഥാനം), അഡ്വ. ഫാത്തിമ തഹ്ലിയ (എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ്), കെ.കെ. റൈഹാനത്ത് (സംസ്ഥാന പ്രസിഡൻറ്,വിമൺ ഇന്ത്യ മൂവ്മെൻറ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്) പ്രമീള ഗോവിന്ദ് (മാധ്യമപ്രവർത്തക), പി.എം. ലാലി (സിനിമ പ്രവർത്തക) തുടങ്ങിയവരാണ് അവർ താമസിക്കുന്നയിടങ്ങളിൽ നിരഹാരമനുഷ്ഠിച്ച് പ്രതിഷേധിച്ചത്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പദ്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്.ഇയാൾക്കെതിരെ വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പത്മരാജന് സ്വാഭാവിക ജാമ്യം ലഭിക്കും.
അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പൊയിലൂരിലെ വീട്ടില്‍ വെച്ച് മറ്റൊരാളും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതി. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി പറഞ്ഞ തിയ്യതികളില്‍ പ്രതി സ്ഥലത്തില്ലായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. പീഡനം നടന്ന ശുചിമുറി എല്ലാവര്‍ക്കും കാണാവുന്ന തരത്തിലുള്ളതാണ്. പെൺകുട്ടിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ രണ്ടാമത്തെ പീഡനാരോപണത്തെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
പോക്‌സോ കേസ് ചുമത്തിയിരുന്നെങ്കിലും ഒരുമാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയതത്. അറസ്റ്റ് വൈകുന്നത് പ്രതിയെ രക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് അന്വേഷണത്തെ ബാധിച്ചുവെന്നായിരുന്നു പൊലീസ് ഇതിന് നല്‍കിയ വിശദീകരണം.
തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.

No comments