Breaking News

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ രജിസ്റ്റര്‍ ചെയ്യും

കോവിഡിനെതിരെയുളള വാക്സിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടും ജനങ്ങൾ. ലോകത്തെ പല രാജ്യങ്ങളും വാക്‌സിന്‍ നിര്‍മാണ കമ്പനികളുമൊക്കെ ഈ വർഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ലോക വിപണിയിലെത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഇതിനിടെ റഷ്യയിൽ നിന്നുളള കൊറോണ വാക്സിനെക്കുറിച്ചുളള ശുഭവാർത്ത ഏറെ പ്രതീക്ഷനൽകുന്നതാണ്. കോവിഡിനെതിരെയുളള ലോകത്തെ ആദ്യ വാക്സിൻ നാളെ രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി അറിയിച്ചു. റഷ്യൻ സർക്കാരും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്.

കോവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. കോവിഡ് വാക്‌സിന്റെ യഥാർത്ഥ പരീക്ഷണങ്ങളിൽ പങ്കാളികളായ വ്യക്തികളുടെ ആരോഗ്യ പരിശോധന ഈ മാസം മൂന്നിന് നാഷണൽ റിസർച് സെന്ററിൽ നടന്നിരുന്നു. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ഒരു വിധത്തിലും ദോഷം ചെയ്യില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അവകാശപ്പെട്ടു.

എന്നാൽ റഷ്യയുടെ വാക്സിൻ പ്രഖ്യാപനത്തിൽ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിലാണ് .വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നും ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നും റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സങ്കീർണമായ ഫേസ് മൂന്ന് പരീക്ഷണഘട്ടത്തിൽ ഇത് വരെ എത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇടംനേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുമുണ്ട്. 


No comments