ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ ഇറക്കി റഷ്യ
മോസ്കോ:കോവിഡിനെതിരെയുളള വാക്സിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടും ജനങ്ങൾ. ഇപ്പോൾ ഇതാ റഷ്യ ആദ്യമായി കോവിഡ് വാക്സിൻ ഔദ്യോഗികമായി പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെ റഷ്യയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗമേലിയയിലെ ശാസ്ത്രജ്ഞന്മാർ ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂടിൻ അറിയിച്ചു. മന്ത്രമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പുടിൻ വാക്‌സിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു.
വാക്സിൻ യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിച്ചവർക്കെല്ലാം പുടിൻ നന്ദി അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ വാക്സിൻ വ്യാപകമായി ഉൽപാദിപ്പിച്ചുതുടങ്ങുമെന്ന പ്രതീക്ഷയും പുടിൻ പങ്കുവെച്ചു.
ഓഗസ്റ്റ് 12ന് ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ രജിസ്ട്രര്‍ ചെയ്യുമെന്നാണ് നേരത്തെ റഷ്യ അറിയിച്ചിരുന്നത്, അതിന് മുന്‍പേ തന്നെ പ്രസിഡണ്ട് പുടിന്‍ പ്രഖ്യാപനം നടത്തി. അതേ സമയം, ഈ വാക്സിനെതിരെ ലോകത്ത് പലയിടത്തും ചില സംശയം ഉയരുന്നുണ്ട്. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നും ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നും റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിന്‍ നിര്‍മ്മാണത്തില്‍ ആവശ്യമായ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കണം വിപണിയിലേക്കെത്തിക്കേണ്ടതെന്നും അതിനായിരിക്കണം കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.
No comments