Breaking News

യുവതിയും കുഞ്ഞും മരിച്ച സംഭവം; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു


കണ്ണൂർ തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.  മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിൽ ഹിദായ മസ്ജിദിന് സമീപം അപ്സരാസിലെ ഷഫ്ന (32)യുടെ കുഞ്ഞിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

തലശേരിയിലെ ആശുപത്രി ജീവനക്കാരുടെയും ഗൈനക്കോളജി വിഭാഗം ഡോക്ടറുടെയും അനാസ്ഥ കാരണമാണ് യുവതിയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്‌നയെ ഈ മാസം പത്തിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയിൽ രക്തം കട്ടപിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതിൽ അസ്വഭാവികതയുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ ഉത്തരവിനെ തുടർന്നാണ് ഫോറന്സിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തലശ്ശേരി സ്റ്റേഡിയം പള്ളിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

No comments