Breaking News

എന്താണ് ഇഐഎ? എന്തുകൊണ്ട് ഇത്രയധികം പ്രതിഷേധങ്ങൾ? അറിഞ്ഞിരിക്കാം


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ് ഇഐഎ(EIA) ഡ്രാഫ്റ്റ് 2020. പരിസ്ഥിതി സംഘടനകളും, 'ചില' രാഷ്ട്രീയ- സിനിമ പ്രമുഖരും ഒക്കെ ഇതിനോടകം തന്നെ ഇഐഎക്കെതിരെ വിയോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു. നമ്മിൽ പലരും ചിലപ്പോൾ ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിലും കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇഐഎ പരിസ്ഥിതിക്കും മനുഷ്യനും എന്തുമാത്രം അപകടകരമാണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?മനുഷ്യരുടെ ദുരിതങ്ങൾ അറിയാൻ മനസ്സില്ലാത്തവർക്ക്‌ പരിസ്ഥിതി സംരക്ഷണം വിഷയമാവുകയേയില്ല.എന്നാൽ ഇഐഎ ഭേദഗതി നടപ്പായാൽ പരിസ്ഥിതിക്കും മനുഷ്യനും എന്ത് സംഭവിക്കുമെന്ന് നാം അറിഞ്ഞിരിക്കണം.

ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് ആദ്യം നോക്കാം;

1972ൽ സ്റ്റോക്‌ഹോം സമ്മേളന തീരുമാനം ഇന്ത്യ ഒപ്പിട്ടതാണ്. ഇതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കാനും അതില്‍ ജനങ്ങള്‍ക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA ) എന്ന വ്യവസ്ഥ  1994ല്‍ കൊണ്ടുവന്നു.  അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നല്‍കി 2006 ല്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം.
EIA എന്താണെന്ന് നോക്കാം

ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല

നിലവിൽ രാജ്യത്ത് ഒരു കമ്പനി തുടങ്ങുന്നതിന്റെ  മുന്നേ പരിസ്ഥിതി മന്ത്രാലയം പ്രവർത്തികൾ പരിശോധിക്കും. ഇത്  അനുസരിച്ച് പദ്ധതി പ്രദേശത്തിനടുത്ത് താമസിക്കുന്ന മനുഷ്യർക്ക് കമ്പനിയുടെ  പ്രവർത്തി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ  പഠിച്ച ശേഷം മാത്രമേ ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.
വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.

കെട്ടിടത്തിന്റെ ചുറ്റളവ്

നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇപ്പോൾ വരാൻ പോകുന്ന നിയമപ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടങ്ങൾക് മാത്രം അനുമതി തേടിയാൽ മതി.

പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.

ബി2 വിഭാഗം

ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.

കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്

നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്. വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം. പ്രാദേശികഭാഷകളില്‍ ഇല്ല. അതും നിയമവിരുദ്ധമാണ്.

മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.

ഇനി ചുരുക്കി പറഞ്ഞാൽ,

രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് ഇതിലെ മിക്ക ശുപാർശകളും . വ്യാവസായികവും അല്ലാത്തതുമായ പദ്ധതികൾക്ക്‌ അനുമതി കൊടുക്കും മുമ്പ്‌ വിശദമായ പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കുന്ന നിയമത്തിലെ നിബന്ധനകൾ ദുർബലപ്പെടുത്തുന്ന നിരവധി നിർദേശങ്ങളാണ്‌ കരട്‌ നോട്ടിഫിക്കേഷനിലുള്ളത്‌.ഇത്‌ പ്രാബല്യത്തിൽ വന്നാൽ നിലവിലുള്ള പരിസ്ഥിതി നിയമം ഫലത്തിൽ അപ്രസക്തമാകും. പ്രകൃതിയെയും പരിസ്ഥിതിയെയും ആശ്രയിച്ച്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കോടിക്കണക്കിനു മനുഷ്യർ അവരുടെ ജീവിതോപാധികളിൽനിന്ന്‌ പുറന്തള്ളപ്പെടും. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിവിധ കോടതികളുടെയും സുപ്രധാനമായ ഒട്ടേറെ വിധിതീർപ്പുകൾ മറികടക്കുന്നതാണ്‌ കരട്‌ വിജ്‌ഞാപനം.

നമുക്ക് എങ്ങനെ പ്രതികരിക്കാം ?

കരട് വിജ്ഞാപനത്തിനെതിരായ അഭിപ്രായങ്ങൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് മാസം 11 ആണ്.ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും കേന്ദ്രസർക്കാർ വിജ്ഞാപനം പാസാക്കുകയെന്നും ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു.

നിങ്ങളുടെ ഭൂമി തുരന്നും കാട് വെട്ടിയും പുഴ കൈയ്യടക്കിയും വായു മലിനമാക്കിയും ഫാക്ടറികളും വൻ വ്യവസായ ശാലകളും വരും. ഇവിടെ താലപര്യങ്ങള്‍ വ്യക്തമാണ്.ഈ നീക്കങ്ങളില്‍ നിന്നും അവരെ തടയേണ്ടത് വരാനിരിക്കുന്ന മുഴുവന്‍ തലമുറയുടെയും അനിവാര്യതയാണ്. ഇത് പരിസ്ഥിതിയെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്.  ഈ ഭേദഗതിക്കെതിരെ ഉയർന്ന ശബ്ദത്തിൽ പ്രതികരിക്കുക മാത്രമാണ് ഏക പോംവഴി. ഇക്കാര്യത്തില്‍ ജനപക്ഷത്തുനിന്ന്, പ്രത്യേകിച്ച് യുവാക്കളുടെ പക്ഷത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണം.കോപ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെടണം.

No comments