അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
കണ്ണൂർ: തലശ്ശേരിയിൽ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നൂറു കണക്കിന് പേരാണ് മരിച്ച ഷഫ്നയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിഷയം സമൂഹമാധ്യമങ്ങളിലും ചർച്ചയായതോടെ ഗുരുതര ആരോപണങ്ങളാണ് ആശുപത്രിക്കെതിരെ പുറത്തുവരുന്നത്. ജസ്റ്റിസ് ഫോര്‍ ഷഫ്നയെന്ന ക്യാമ്പെയിനും കുടുബം തുടക്കം കുറിച്ചിട്ടുണ്ട്.
ആശുപത്രിയിൽ സമാന രീതിയിലുളള നിരവധി സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഷഫ്നയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുളളവർ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു.
ആശുപത്രിയിലെ ജീവനക്കാരുടെയും ഗൈനക്കോളജി വിഭാഗം ഡോക്ടറുടെയും അനാസ്ഥ കാരണമാണ് യുവതിയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്‌നയെ കഴിഞ്ഞ മാസം പത്തിനാണ് തലശേരി കോടതിക്ക് സമീപമുള്ള ജോസ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.എന്നാൽ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നെന്നാണ് ആശുപത്രിയുടെ വാദം.
No comments