Breaking News

14 കാലുകൾ, ഹെൽമറ്റ് ധരിച്ച തല, അസാമാന്യ വലിപ്പം; മഹാസമുദ്രത്തിൽ നിന്നുമൊരു അപൂർവ പാറ്റ!


🖊ഷബ്‌ന റുസ്‌ഫിദ്
‌ 

ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മനുഷ്യന്റെ കാൽപാദം പതിഞ്ഞിട്ടുണ്ടെങ്കിലും, ഇനിയും മനുഷ്യനെത്തിപ്പെടാത്ത ധാരാളം രഹസ്യങ്ങളുണ്ട്, ധാരാളം സ്ഥലങ്ങളുണ്ട്. അത്ഭുതക്കാഴ്‌ചകളുടെ അവസാനിക്കാത്ത ഉറവിടമായ സമുദ്രം അതിലൊന്നാണ്.എന്നും മനുഷ്യനൊരു വിസ്മയമാണ് സമുദ്രം. സൂക്ഷ്മജിവികൾ മുതൽ ഭീമൻ നീലത്തിമിംഗലം വരെയുൾക്കൊളളുന്ന ജൈവവൈവിധ്യം. ഇരുണ്ട ആഴത്തിൽ ഒളിച്ചിരിക്കുന്ന പല ജീവിവർഗ്ഗങ്ങളും മനുഷ്യന് ഇപ്പോഴും അജ്ഞാതമാണ്.ഈയിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഒരു കൂറ്റൻ കടൽ ജീവിയെ ഗവേഷകർ കണ്ടെത്തി. സിംഗപ്പൂരിലെ ഗവേഷകരാണ് പതിനാല് കാലുള്ള ഭീമൻ കടൽപാറ്റയെ കണ്ടെത്തിയത്.

ഇത് വെറും പാറ്റയല്ല. ഹോളിവുഡ് സിനിമകളിൽ കാണാറുളള അന്യഗ്രഹ ജീവികളുടേതിന് സമാനമാണ് ഇവയുടെ രൂപം. സ്റ്റാർ വാറിലെ കഥാപാത്രമായ ഡാർത്ത് വാഡറിനെ പോലെയുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. ഹെൽമറ്റ് ധരിച്ചതു പോലെയാണ് ഈ ജിവിയുടെ തല.

2018ൽ  ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ ജാവയുടെ തെക്കന്‍ തീരത്തിനടുത്ത് ഈ ജീവിയെ കണ്ടെത്തുന്ന്ത്. ‘ബതിനോമസ് രക്സാസ’ എന്നാണ് കടൽപാറ്റക്ക് നൽകിയ ശാസ്ത്രീയ നാമം.

പേരിലെ രക്സാസ എന്നത് ഇന്തോനേഷ്യന്‍ ഭാഷയില്‍ നിന്നുള്ളതാണ്. അസാമാന്യ വലിപ്പമുള്ളത് എന്നാണ് അര്‍ത്ഥം. 14 കാലുകളുളള ഈ ജീവിക്ക് 20 ഇഞ്ചെങ്കിലും വലുപ്പമുണ്ട് ശരീരത്തിന്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഐസോപോഡാണിത്.സമുദ്ര ജീവികളുടെ മൃതശരീരമാണ് ഇവയുടെ പ്രധാന ഭക്ഷണം.പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാ സമുദ്രങ്ങളുടെ ആഴങ്ങളിലാണ് ഇവയെ കൂടുതലും കാണാൻ കഴിയുന്നത്. ഞണ്ടുകള്‍, വലിയ ചെമ്മീന്‍ തുടങ്ങിയ ജീവികളുമായി വിദൂര ബന്ധം ഇതിനുണ്ട്. കരയിലെ പാറ്റകളെ പോലെ ആഹാരം കഴിക്കാതെ ദീര്‍ഘകാലം ജീവിക്കാൻ സാധിക്കും.

ആഴക്കടലിനെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകളില്‍ പ്രധാനപ്പെട്ടതാണ് ഈ കണ്ടെത്തല്‍. 

No comments