Breaking News

മൃതദേഹം മാറി, തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങിനിടെ; സംഭവം കണ്ണൂരിൽ

കണ്ണൂര്‍: കണ്ണൂരിൽ ആശുപത്രിയിൽ മരിച്ച ആലക്കോട് സ്വദേശിയുടെ കുടുംബത്തിന് ആശുപത്രി അധികൃതർ നൽകിയത്  മറ്റൊരാളുടെ മൃതദേഹം. സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ മനസ്സിലാക്കിയത്. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്‍റെ മൃതദേഹമാണ് മാറി നല്‍കിയത്.

രണ്ട് ദിവസം മുന്‍പാണ്  നെല്ലിപ്പാറക്കടുത്ത കണ്ണാടിപ്പാറ സ്വദേശി ശിവദാസ കൈമള്‍ മരിച്ചത്.കോവിഡ് പരിശോധനകൾക്ക് ശേഷം ഫലം നെഗറ്റീവായതിനെ തുടർന്ന് പിറ്റേന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ശവസംസ്കാരചടങ്ങുകൾക്കിടയിൽ ശിവദാസ കൈമളുടെ മരുമകനാണ് മൃതദേഹത്തെച്ചൊല്ലി ആദ്യം സംശയം  ഉന്നയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കൈമളിന്റേതല്ലെന്ന് തിരിച്ചറിഞ്ഞത്.ബന്ധുക്കള്‍ ആശുപത്രിയിലേക്ക് വിളിച്ച് മൃതദേഹം മാറിയ വിവരം അറിയിച്ചെങ്കിലും അധികൃതർ  ആദ്യം സമ്മതിച്ചില്ല.അന്നേ ദിവസം തന്നെ ഇതേ ആശുപത്രിയിലെ ഒരു ഡോക്ടറുടെ പിതാവിന്റെ മൃതദേഹവും ഇവിടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. മോർച്ചറിയിൽ പിതാവിന്‍റെ മൃതദേഹം കാണാനില്ലെന്ന വിവരം ഡോക്ടർ ആശുപത്രി അധികൃതരെ അറിയിച്ചതോടെയാണ് മൃതദേഹം മാറിയ കാര്യം അധികൃതര്‍ കണ്ടെത്തിയത്.

പിന്നീട് മൃതദേഹങ്ങള്‍ പരസ്പരം കൈമാറി ബന്ധുക്കള്‍ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി.

No comments