Breaking News

കോവിഡ് വാക്സീനിൽ ഒളിഞ്ഞിരിക്കുന്ന 'ദേശീയത'


🖊ഷബ്‌ന റുസ്‌ഫിദ്‌ 

ലോകത്തെ മുഴുവൻ 'പൂട്ടിയ' കോവിഡ്19 എന്ന മഹാമാരിക്കെതിരെ, വികസിത, വികസ്വര രാജ്യമെന്ന ഭേദമില്ലാതെ പ്രത്യക്ഷത്തില്‍ ഒറ്റക്കെട്ടായി തന്നെയാണ് രാജ്യങ്ങൾ പോരാടുന്നത്.ആഗോളതാപനം എന്ന വിപത്തിനെതിരെ കൈകോർക്കാൻ മടിക്കുന്ന രാഷ്ട്രതലവൻമാരടക്കം, ലോകത്തിന് ഭീഷണിയായ ഈ 'കുഞ്ഞൻ' വൈറസിനെ  തുരത്താനുളള പരിശ്രമത്തിലാണ്. ലോകരാജ്യങ്ങളെ തന്നെ അമ്പരപ്പിച്ചാണ് കൊറോണയ്ക്കെതിരെയുളള ആദ്യം വാക്സീൻ റഷ്യ പ്രഖ്യാപിച്ചത്. കേൾക്കാൻ ഏറെ കാത്തിരുന്ന വാർത്തയായിരുന്നെങ്കിലും, വാക്സീൻ പ്രഖ്യാപനത്തിന് പിന്നാലെ ആരോപണങ്ങളും ശക്തമായി.  ക്ലിനിക്കൽ പരിശോധന പൂർത്തിയായിട്ടില്ലെന്നും നൂറിൽ താഴെ ആളുകളിൽ മാത്രമാണ് വാക്സിൻ പരീക്ഷിച്ചിട്ടുളളതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.എന്നിട്ടും ഇരുപതിലേറെ രാജ്യങ്ങൾ വാക്സിൻ വാങ്ങാൻ എത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുടെ വാക്സീനും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ഈ  വാക്‌സീനുകൾ എത്ര രാജ്യങ്ങള്‍ സ്വീകരിക്കുമെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. കൊറോണാവൈറസിന് ഫലപ്രദമായ ഒരു വാക്‌സീന്‍ എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്‌നമാണെന്ന് അഭിപ്രായവും വിദഗ്ധർക്കിടയിലുണ്ട്. ഫലപ്രദമായ വാക്‌സീന്‍ വിപണിയിലെത്തിയാൽ തന്നെ അതിന്റെ വില അവികസിത രാജ്യങ്ങള്‍ക്കു താങ്ങാന്‍ പറ്റുമോ എന്നതും ചോദ്യചിഹ്നമായി നിൽക്കുന്നു. പുതിയതായി ഉടലെടുത്ത ഈ പ്രശ്‌നങ്ങളെയാണ് 'വാക്‌സീന്‍ ദേശീയത' എന്ന് വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ട് ‘വാക്സിൻ ദേശീയത’ആശങ്കയാകുന്നു?

ലോകരാജ്യങ്ങൾ കോവിഡിനെതിരെ ഒരു വാക്സിന് വേണ്ടി ഒന്നടങ്കം പ്രയത്നിക്കുകയാണ്. ചില രാജ്യങ്ങൾ വാകസീനുകൾ പ്രഖ്യാപിക്കുകയുമുണ്ടായി. കൊറോണാവൈറസിന് ഫലപ്രദമായ ഒരു വാക്‌സീന്‍ എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്‌നമാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ച വാക്സീൻ എത്രത്തോളം വിജയകരമാകുമെന്നതും കുഴയ്ക്കുന്ന ചോദ്യമാണ്.ഇതിനിടയിൽ പല രാജ്യങ്ങളും നൂറുകണക്കിനു ഡോളറെറിഞ്ഞ് വാക്‌സീനു വേണ്ടി ഇപ്പോള്‍ തന്നെ  പ്രീ-ബുക്കിങ് നടത്തി കഴിഞ്ഞു. ബില്ല്യന്‍ കണക്കിനു ഡോളറാണ് വാക്സീന് വേണ്ടി അമേരിക്ക ചെലവഴിക്കുന്നത്. തങ്ങൾക്ക് ആദ്യം ലഭിക്കാനായി കുറഞ്ഞത് ആറു വാക്‌സീന്‍ നിര്‍മാണ കമ്പനികളുമായാണ് അവര്‍ ഇന്നേവരെ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.മൊത്തം 800 ദശലക്ഷം ഡോസാണ് ഇതുവരെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഒരു അമേരിക്കക്കാരന് 2 ഡോസു വരെ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.കരാറിലേര്‍പ്പെട്ട ഏതെങ്കിലും കമ്പനി ഉണ്ടാക്കിവരുന്ന വാക്‌സീന്‍ വിജയകരമായെങ്കില്‍, അമേരിക്കയ്ക്ക് ആദ്യം നല്‍കിയ ശേഷം മാത്രമായിരിക്കും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ പറ്റുക.അമേരിക്ക മാത്രമല്ല പല രാജ്യങ്ങളും തങ്ങൾക്ക് ആദ്യം വാക്സീൻ കിട്ടാനായി ഇത്തരം നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.വികസിത രാജ്യങ്ങൾ നടത്തിയിരിക്കുന്ന പ്രീ ബുക്കിങ് മൂലം അവികസിത രാജ്യങ്ങളിൽ വാക്സിൻ ലഭിക്കുന്നത് ചിലപ്പോൾ വൈകിയേക്കാം.മാത്രമല്ല ഡോളറുകൾ എറിഞ്ഞുകളയാൻ പ്രാപ്തിയില്ലാത്ത രാജ്യങ്ങൾക്ക് വാക്സിൻ  ലഭ്യമാകുമോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ഒരേ സമയത്ത് ഉണ്ടാക്കാവുന്ന വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തിന് പരിമിതിയുണ്ട്.ലഭ്യതക്കുറവും വിലക്കൂടതലും മൂലം പട്ടിണി 'ഭരിക്കുന്ന' രാജ്യങ്ങൾക്ക് മാസങ്ങളോ എന്തിന് വര്‍ഷങ്ങളോ വാക്‌സീനായി കാത്തിരിക്കേണ്ടി വന്നേക്കാം. തങ്ങള്‍ക്ക് വേണ്ടത്ര വാക്സീൻ ഡോസുകൾ തന്നതിന് ശേഷമെ മറ്റുള്ള രാജ്യങ്ങള്‍ക്ക് നല്‍കാവൂ എന്ന വികസിത രാജ്യങ്ങളുടെ കരാർ കമ്പനികൾ 'തെറ്റിക്കാൻ' സാധ്യതിയല്ല.അതുകൊണ്ടു തന്നെ ഫലപ്രദമായ വാക്സീൻ നിർമിച്ചാൽ പോലും എല്ലാവരിലേക്കും  ഈ വാക്സീൻ എത്തുമോ എന്നതും വാക്സീൻ ദേശീയത മൂലം സംഭവിക്കുന്ന പ്രശ്നമാണ്.

എന്തുകൊണ്ട് വാക്സീന് വേണ്ടി രാജ്യങ്ങൾ മത്സരിക്കുന്നു?

പല രാഷ്ട്രനേതാക്കളും കൊറോണ വൈറസിനെ ചില നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതും പരസ്യമായ രഹസ്യമാണ്. സ്വന്തം രാജ്യത്തെ പൗരന്മാരുടെ മുന്നിലും, രാജ്യാന്തര തലത്തിലും തങ്ങള്‍ വലിയവരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള അവസരമായി അവരിൽ പലരും കോവിഡ് കാലത്തെ കാണുന്നു. കൂടാതെ തങ്ങളുടെ രാജ്യത്തിന്റെ ശാസ്ത്രീയ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. 


സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കാൻ ആവശ്യമായ പരീക്ഷണങ്ങൾ പോലും പൂർത്തിയാകാതെ രാജ്യങ്ങൾ വാക്സിനുകൾക്ക് അംഗീകാരം നൽകിയതിന്റെ കാരണവും ഇത് തന്നെയാകാം. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽകണ്ടുളള മത്സരമാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

വാക്സീൻ ദേശീയത പരിഹരിക്കാൻ എന്താണ് മാർഗം?

കോവിഡ് വാക്സീന് വേണ്ടി സമ്പന്ന രാജ്യങ്ങൾ സ്വീകരിക്കുന്ന “ഞങ്ങൾക്ക് ആദ്യം” എന്ന മുറവിളി ചിലപ്പോൾ വലിയ യുദ്ധങ്ങളിലേക്ക് നയിച്ചേക്കാം. ഇവിടെയാണ് ലോകാരോഗ്യ സംഘടനയും മറ്റ് ചില അന്താരാഷ്ട്ര സഖ്യങ്ങളും ഇടപെടേണ്ടത്. എല്ലാ രാജ്യങ്ങൾക്കും വാക്സീൻ കിട്ടുന്നുണ്ടെന്ന ഉറപ്പുവരുത്തണം. വാക്സീൻ നിമാണത്തിനായി കോവാക്‌സ് ഫെസിലിറ്റിയില്‍ (COVAX facility) ചേരാന്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.


ഫലപ്രദമായ വാക്സീൻ നിർമിക്കാൻ സാധിച്ചാൽ പാവപ്പെട്ട വിവിധ രാജ്യങ്ങള്‍ക്ക് അവ എത്തിച്ചുകൊടുക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. ഒരു പരിധിവരെ ഇതു വിജയിക്കുമെങ്കിലും വികസിത രാജ്യങ്ങളുടെ വാക്സീൻ ദേശീയതയും, എനിക്കാദ്യം എന്ന വാദവും മറ്റുള്ളവര്‍ക്ക് ഭീഷണിയായേക്കാം.

No comments