നിറത്തിന്റെ പേരിൽ നിരത്തിൽ പൊലിയുന്ന ജീവനുകൾ
🖊ഷബ്‌ന റുസ്‌ഫിദ്
വംശീയവെറിക്കെതിരെ പോരാടുന്നവരുടെ പ്രതിഷേധജ്വാലയിൽ ചുട്ടുപൊളളുകയാണ് അമേരിക്കൻ തെരുവുകൾ.'എനിക്കു ശ്വാസം മുട്ടുന്നു, എന്നെ വെറുതെ വിടൂ' എന്ന വാക്കുകൾ തിരികൊളുത്തിയ പ്രതിഷേധാഗ്നി രാജ്യത്ത് ഇനിയും ഒടുങ്ങിയിട്ടില്ല. കഴിവുകൾക്ക് പ്രാധാന്യം നൽകേണ്ട ലോകത്ത് 'നിറം' കാരണം ജീവൻ തന്നെ നഷ്ടമായവുടെ പട്ടികയിൽ ഇനിയും ആരും ഉണ്ടാകാതിരിക്കാനുളള പോരാട്ടമാണ് തെരുവീഥികളിൽ. 65 വർഷങ്ങൾക്ക് മുമ്പ്, എമ്മെറ്റ് ടിൽ എന്ന പതിനാല് വയസ്സുകാരനായ ആഫ്രിക്കൻ-അമേരിക്കൻ ബാലനെ അടിച്ചു കൊന്ന വംശീയതയുടെ വിഷവേരുകൾ ഇന്നും അമേരിക്കൻ സമൂഹത്തിലുണ്ട്.നിറത്തിന്റെയും വംശത്തിന്റെയും പേരിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആഫ്രിക്കൻ അമേരിക്കക്കാരുടെ പ്രതീകമാണ് ആ ബാലൻ. ടില്ലിന്റെ കൊലപാതകത്തോടെയാണ് പൗരാവകാശ പ്രസ്ഥാനങ്ങള്‍ യു.എസില്‍ തഴച്ചു വേരുറപ്പിക്കാന്‍ തുടങ്ങിയത്. എന്നാൽ അമേരിക്കയിൽ വംശീയാക്രമണങ്ങൾ വീണ്ടും ശക്തി പ്രാപിക്കുകയാണ്.
അമേരിക്കൻ തെരുവിൽ വെള്ളക്കാരനായ മിനിയോപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെയാണ് അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെ തുടർന്ന ലോകത്തുടനീളം Black Lives Matter എന്ന മുദ്രാവാക്യം അലയടിച്ചു.കൊളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഇപ്പോൾ അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കറുത്ത വർഗക്കാരോടുള്ള അമേരിക്കൻ പൊലീസിന്റെ പെരുമാറ്റം ഹീനമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കറുത്തവൻ കള്ളനും അക്രമിയുമാണ് എന്ന പൊതുധാരണ അമേരിക്കൻ പൊലീസ് വെച്ചു പുലർത്തുന്നുണ്ട്. കൂടാതെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ശക്തരല്ല എന്ന ചിന്തയും ആവരോടുളള സമീപനം മൃഗീയമാകാൻ കാരണമാകുന്നു.അമേരിക്കയില്‍ ജനിച്ചു എന്ന കാരണം കൊണ്ടു മാത്രം കൊല്ലപ്പെട്ടവരുടെ പട്ടിക ഒരുപാട് നീണ്ടതാണ്.ജോര്‍ജ് ബ്ലെയ്ക്ക് എന്ന് 26 കാരനെ അദ്ദേഹത്തിന്‍റെ എട്ടും, അഞ്ചും മൂന്നും വയസുള്ള മൂന്ന് കുട്ടികളുടെ മുന്നില്‍ വച്ച് പൊലീസ് ഏഴ് തവണയാണ് വെടിവച്ചത്. നട്ടെല്ലിന് വെടിയേറ്റ ജോര്‍ജ് ബ്ലെയ്ക്ക് ഗുരുതരാവസ്ഥ പിന്നിട്ടെങ്കിലും വെടിവെപ്പില്‍ അദ്ദേഹത്തിന്‍റെ സുഷുമ്നാനാഡിക്ക് കാര്യമായ പരിക്ക് പറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.എന്തു കാരണത്താലാണ് ബ്ലെയ്ക്കിനെ വെടിവെച്ചതെന്നു പൊലീസ് വിശദമാക്കിയിട്ടില്ല. ബ്ലേയ്ക്കിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് കെനോഷ നഗരത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് കടന്നുചെന്ന ഒരു 17 കാരന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് കൈക്ക് വെടിയേല്‍ക്കുകയും ചെയ്തു.
മണ്‍മറഞ്ഞ പല ചരിത്രപുരുഷന്മാരുടെയും പ്രതിമകള്‍ വരെ ഇക്കാലത്ത് അക്രമിക്കപ്പെട്ടു. അടിമക്കച്ചവടത്തിനും വംശീയവിവേചനത്തിനും കൂട്ടുനിന്നിരുന്ന മനുഷ്യത്വരഹിതമായ ആശയത്തിന്‍റെ വക്താക്കളായിരുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ പ്രതിമകൾ തകർത്തത്.നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കി ആളുകളെ വിലയിരുത്തുന്ന രീതി അങ്ങ് അമേരിക്കയിൽ മാത്രമല്ല, ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമ്മുടെ നാട്ടിലും, നമുക്കുളളിലും കാണാനാകും. ഫ്ലോയ‌്ഡിന്റെ മരണത്തെ തുടർന്ന് വിവിധ മേഖലകളിലുളള നിരവധിപേരാണ് അവർ നേരിട്ട വിവേചനം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നത്.
ഫ്ലോയിഡുമാർ ഇനിയും ഉണ്ടായേക്കാം. ഒന്നിന് പുറകെ ഒന്നായി, വംശീയതയില്‍ പൊലിയുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരുടെ രോഷം അതുകൊണ്ട് തന്നെ ചെറുതല്ല.നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനത നേരിടുന്ന വിവേചനത്തിന്റെ നേർക്കാഴ്ചയാണ് വംശീയ വെറിക്കെതിരായുളള പോരാട്ടങ്ങൾ.
No comments