Breaking News

ഇത് പെട്രോവ്, ഒറ്റ തീരുമാനത്തിലൂടെ ലോകത്തെ രക്ഷിച്ച മനുഷ്യൻ

🖊ഷബ്‌ന റുസ്‌ഫിദ്‌ 

സ്റ്റാനിസ്ലാവ് പെട്രോവ് ഹോളിവുഡ് സിനിമകളിലെ സൂപ്പർ ഹീറോ അല്ല, അമാനുഷിക ശക്തിയുളള വ്യക്തിയുമല്ല. പക്ഷെ നിർണായക ഘട്ടത്തിൽ ഇദ്ദേഹം സ്വീകരിച്ച തീരുമാനം ദശലക്ഷം മനുഷ്യരെയാണ് രക്ഷിച്ചത്. 

ആരാണ് പെട്രോവ്?
അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിൽ ശീതയുദ്ധം നടക്കുന്ന കാലം. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സാഹചര്യങ്ങൾ. അമേരിക്കയുടെ ഭാഗത്ത് നിന്ന് എതെങ്കിലും തരത്തിലുളള ആക്രമണങ്ങൾ ഉണ്ടായാൽ അത് മുൻകൂട്ടി അറിയിക്കാനുളള കമ്പ്യൂട്ടർ സംവിധാനങ്ങളുടെ ചുമതലയുളള ഓഫീസറായിരുന്നു അദ്ദേഹം. മുന്നറിയിപ്പുകൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. 

യുദ്ധം ഒഴിവാക്കിയ 'ബുദ്ധി'
1983 സെപ്റ്റംബർ 26ന് മോസ്കോയെ ലക്ഷ്യമാക്കി ഭീമൻ മിസൈൽ കുതിക്കുന്നതിന്റെ ദൃശ്യം കമ്പ്യൂട്ടർ മോണിറ്ററിൽ തെളിഞ്ഞു.ഉടൻ തന്നെ അപായ സൈറൻ മുഴങ്ങുകയും മോണിറ്ററിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ “ലോഞ്ച്”(തൊടുക) എന്ന് പ്രകാശിക്കുകയും ചെയ്തു.ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തെല്ലൊന്ന് തരിച്ചിരുന്നു പോയി. ഒന്നല്ല,അഞ്ച് മിസൈലുകളാണ് അതേ ദിശയിൽ പായുന്നത്. റഷ്യയെ ആക്രമിക്കാനായി അമേരിക്കയുടെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതാവും എന്ന് ഏവരും അനുമാനിച്ചു.റഷ്യയെ ലക്ഷ്യമാക്കി മിസൈൽ വരുന്നു എന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ സെക്കൻഡുകൾക്കുള്ളിൽ ആണവായുധ മിസൈലുകൾ അമേരിക്കയിലേക്ക് പായും.  

പെട്രോവ് ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ യുക്തിചിന്ത കൃത്യസമയത്ത് പ്രവർത്തിച്ചു. സഹപ്രവർത്തകരൊക്കെയും ഉന്നതാധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള അഭിപ്രായത്തിൽ എത്തിയെങ്കിലും പെട്രോവ് ആ തീരുമാനം വേണ്ടെന്ന് വെച്ചു. അമേരിക്ക കേവലം നാലോ അഞ്ചോ മിസൈലുകൾ തൊടുത്തുവിട്ട് റഷ്യയെ ആക്രമിക്കില്ലെന്ന് അദ്ദേഹം അനുമാനിച്ചു. കമ്പ്യൂട്ടറിലെ സാങ്കേതിക തകരാറായിരിക്കാമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. പിന്നീടാണ് മനസ്സിലായത് മോണിറ്ററിൽ കണ്ട ദൃശ്യങ്ങൾ മിസൈൽ അല്ലെന്നും മേഘപാളികളിൽ തട്ടിയ സൂര്യ രശ്മികളുടെ പ്രതിബിബം ആയിരുന്നെന്നും. പെട്രോവിന്റെ യുക്തിപൂർവമുളള തീരുമാനം വൻ ആണവയുദ്ധത്തിൽ നിന്നാണ് ലോകത്തെ രക്ഷിച്ചത്.

1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കേണൽ ജനറലായിരുന്ന യൂറി വോട്ടിൻസേവാണ് 'പെട്രോവിന്റെ ഇടപെടൽ' ലോകത്തെ അറിയിച്ചത്. വൻ യുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിച്ച പെട്രോവ് ഹീറോ ആയി മാറിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. അഭിനന്ദനങ്ങൾക്ക് പകരം വിമർശനങ്ങളാണ് അദ്ദേഹത്ത് തേടി എത്തിയത്. പെട്രോവിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ട്.

1979 ലെ കോൺഗ്രസ് ഓഫീസിന്റെ ടെക്നോളജി അസസ്മെന്റ് റിപ്പോർട്ട് പ്രകാരം , ആക്രമണത്തിന്റെ പ്രത്യാക്രമണത്തിന്റെും ഫലമായി 288 ദശലക്ഷം മനുഷ്യർക്ക് അന്ന് ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ്. അന്നെടുത്ത ആ തീരുമാനം വൻ വിപത്തിൽ നിന്നാണ് ലോകത്തെ രക്ഷിച്ചത്.

No comments