Breaking News

ചുവന്ന് ആകാശം, ചുട്ട് വെണ്ണീറാക്കി കാട്ടുതീ; പൊടിയും പുകയും നിറഞ്ഞ് കാലിഫോർണിയ


കാലിഫോർണിയയെും സമീപനഗരങ്ങളെയും പുകച്ച് കാട്ടുതീ വ്യാപിക്കുന്നു. കഴിഞ്ഞ മാസം പകുതിയോടെ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ അന്തരീക്ഷമാകെ കനത്ത പുകയും ചാരവും മൂടിയ നിലയിലാണ്. നിരവധി ജനവാസ മേഖലകൾ താമസയോഗ്യമല്ലാതായി മാറി. 25 ദശലക്ഷം പ്രദേശമാണ് ഇതിനോടകം വെണ്ണീറായത്. കഴിഞ്ഞ വര്‍ഷമുണ്ടായ കാട്ടുതീയെക്കാൾ 20 ഇരട്ടി നാശനഷ്ടമാണ് ഇത്തവണ കാലിഫോർണിയയിൽ സംഭവിച്ചത്. മൂന്നു പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടെ മൃതദേഹങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.  

പല പ്രദേശങ്ങളും പട്ടാപ്പകൽ പോലും ആകാശം ചുവന്ന് അഗ്നിവർണമായിരുന്നു. ഒരു ദിവസം ആകാശം ഓറഞ്ച് നിറത്തിലാണ് കാണപ്പെട്ടതെങ്കിൽ അടുത്ത ദിവസം അത് ചുവപ്പ് നിറത്തിൽ. കാട്ടുതീയുടെ അനന്തരഫലമായി നഗരം മുഴുവൻ രാത്രിയോ പകലോ എന്നറിയാത്ത അവസ്ഥയിലാണ്.  സൂര്യപ്രകാശം പോലും കടന്നുപോകാൻ കഴിയാത്തത്ര ചാരവും പൊടിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞു. നിരവധിയാളുകളാണ് കനത്ത പുക മൂടിയ നഗരത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.  

അഗ്നിബാധ തുടരുന്നതും മരങ്ങൾ കടപുഴകിയതും കാരണം നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കാലിഫോര്‍‍ണിയക്ക് പുറമെ ഒറിഗോണിലും വാഷിങ്ടണ്ണിലും കാട്ടുതീ പടരുകയാണ്.താപനില കൂടുന്നതും, ഈർപ്പം വളരെ കുറഞ്ഞതും, കടൽത്തീരത്തെ കാറ്റും കാരണം ഈ വാരാന്ത്യത്തിൽ തീ പടരുന്നതിനുളള സാധ്യത കൂടതലാണെന്ന് ദോശീയ കാലാവസ്ഥ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ദിവസത്തിൽ 40 കിലോമീറ്റർ എന്ന തോതിൽ പടരുന്ന കാട്ടുതീയിൽ നിരവധി വീടുകൾ കത്തി നശിച്ചു. ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ പ്രദേശം കത്തിനശിച്ചുവെന്നും തീപ്പിടിത്തത്തിന്റെ തോത് അവിശ്വസനീയമായ രീതിയിലാണെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു.

ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഓരോ ദിവസവും കാലിഫോർണിയയിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ‌എ‌എ‌എ‌എ) അടുത്തിടെ പങ്കിട്ട ഉപഗ്രഹ ചിത്രങ്ങൾ ഞെട്ടിക്കുന്നതാണ്. ഡസൻ കണക്കിന് കാട്ടുതീകളാണ് കലിഫോർണിയ, ഒറിഗൺ, വാഷിങ്ടൺ എന്നിവിടങ്ങളിൽ പടരുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് ശേഷം ഇതുവരെ കാലിഫോര്‍ണ്ണിയയിൽ 500ിലേറെ കാട്ടുതീകളാണ് ഉണ്ടായത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയും കാറ്റും തീചുഴലിക്കാറ്റുകളും തുടര്‍ച്ചയായുണ്ടായ ഇടിമിന്നലുകളും പ്രശ്നം രൂക്ഷമാക്കി.

No comments