Breaking News

പ്രിയപ്പെട്ടവർ അപരിചിതരായി മാറുമ്പോൾ...

 

ഓർമകൾക്ക് മരണമില്ലെന്ന് നാം പല അവസരത്തിലും പറഞ്ഞിട്ടുണ്ടാകും. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷമായ കഴിവാണ് ഓർമ. എന്നാൽ, ഒരിക്കലും മറക്കില്ലെന്ന് ഉറപ്പ് കൊടുക്കുന്ന ഓർമകൾ പോലും ചിലപ്പോൾ മറവിയുടെ മഞ്ഞിൽ ലയിച്ചുപോകും. മറവിയുടെ ലോകത്ത് തനിച്ചായിപ്പോയവരെയും, അവരുടെ മുന്നിൽ അപരിചതനായി മാറേണ്ടി വന്ന പ്രിയപ്പെട്ടവരെയെല്ലാം സ്നേഹത്തോടെ ചേർത്തുനിർത്താനായി ലോകം മാറ്റിവെച്ച ദിവസമാണ് അൽഷിമേഴസ് ദിനം.

മലയാളികളെ സംബന്ധിച്ച് അൽഷിമേഴ്സ് എന്ന രോഗത്തിനിറെ തീവ്രത കൂടുതലായി തിരിച്ചറിഞ്ഞത് 2005ല്‍ പുറത്തിറങ്ങിയ ബ്ലസി ചിത്രം 'തന്മാത്ര'യിലൂടെയായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം അത്രമാത്രം വിങ്ങലോടെയാകും മലയാളികൾ ഓർക്കുക. നിസ്സാരം എന്ന് നാം ചിന്തിച്ചിരുന്ന രോഗത്തിന് പിന്നിലെ കാഠിന്യം എത്ര അധികമാണെന്ന് കാണിച്ചുതന്ന ചിത്രമാണ് അത്. വാർധക്യരോഗങ്ങളിൽ ഏറ്റവും ഭീകരമായ അവസ്ഥയാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. പ്രായമായവരിലാണ് ഈ രോഗം കൂടുതലും കണ്ടുവരുന്നതെങ്കിലും വൃദ്ധരെ മാത്രം ബാധിക്കുന്നതല്ല. മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ നശിച്ചുപോകുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ്ന രോഗിയായിത്തീരുന്നത്. 

ചില രോഗങ്ങൾക്ക് പിന്നിലുളള കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രലോകത്തിന് പൂർണമായും കഴിഞ്ഞിട്ടില്ല. അത്തരത്തിലൊന്നാണ് അൽഷിമേഴ്സും. മരുന്നുകള്‍ കൊണ്ട് ഒരിക്കലും പൂർണമായി ഭേദമാക്കാനാകില്ല. മറിച്ച് സ്‌നേഹത്തോടെയുള്ള പെരുമാറ്റം നല്‍കുന്ന ആശ്വാസം മാത്രമേ മാര്‍ഗമുള്ളൂ. എന്നാല്‍ പ്രായമായവരില്‍ മറവിരോഗം അതിന്റെ മൂർധന്യാവസ്ഥയിലെത്തുമ്പോൾ മക്കള്‍ക്കും പരിചരിക്കുന്നവർക്കും എളുപ്പം ശല്യമായി തോന്നുന്നു. അതേസമയം ചെറുപ്പക്കാരിലാണ് മറവിരോഗം പ്രശ്‌നങ്ങളുണ്ടാക്കുന്നതെങ്കില്‍, അത് സഹിക്കാന്‍ മിക്കവരും തയ്യാറാണ്. നല്ല ഓർമകളും പ്രിയപ്പെട്ടവരുടെ മുഖവും മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ ഈ രോഗം ബാധിക്കുന്നവരെ മാത്രമല്ല അവര്‍ക്കൊപ്പമുളളവരെയും തളർത്തും.

പലരിലും അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചുതുടങ്ങാൻ വർഷങ്ങളെടുക്കും. സാധനങ്ങൾ വെച്ച സ്ഥലം മറക്കുക, പേരുകൾ മറക്കുക ചിലപ്പോൾ അടുത്ത ദിവസങ്ങളിൽ നടന്ന് സംഭവങ്ങൾ മറക്കുക സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളിൽ പാകപ്പിഴ വരുത്തുക തുടങ്ങിയവയാണ് പ്രകടമായ ലക്ഷണങ്ങൾ. അവസാനമാകുമ്പോഴേക്ക് ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തും. യഥാര്‍ഥത്തില്‍ പലര്‍ക്കും അല്‍ഷിമേഴ്സ് തങ്ങളുടെ ജീവിതത്തിൽ തലപൊക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിയാൻ തന്നെ സമയമെടുക്കും. കാലക്രമേണ രോഗം ഘട്ടം ഘട്ടം ഗുരുതരാവസ്ഥയിൽ നീങ്ങുന്നതിനോടൊപ്പം പലവിധ പെരുമാറ്റപ്രശ്നങ്ങളും മാനസിക രോഗലക്ഷണങ്ങളും രോഗിയിൽ പ്രകടമാകുന്നു. ഇന്ന് പ്രാബല്യത്തിലുളള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും മാത്രമാണ് സഹായിക്കുന്നത്.

പൊതുവേ 65 വയസ്സിന് മുകളിൽ പ്രായമുളളവരിലാണ് അൽഷിമേഴ്സ് കണ്ടുവരുന്നത്. ഇന്ത്യയിൽ ഏകദേശം നാല് ദശലക്ഷം ആളുകൾക്ക് ഈ രോഗം ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വയോജനസംഖ്യ കൂടുതലുളള കേരളത്തിൽ ദേശീയ് ശരാശരിയേക്കാൾ കൂടുതലാണ്.  അൽഷിമേഴ്സ് ബാധിതരുടെ എണ്ണം കൂടുന്നതോടെ അവര്‍ക്ക് കരുതലും പരിചരണവും നല്‍കുന്നതിന് പൊതുസമൂഹവും വൈമുഖ്യം കാണിക്കരുത്. മരുന്നുകള്‍ക്ക് രോഗം മൂർച്ഛിക്കുന്നത് തടയാമെന്നല്ലാതെ സുഖപ്പെടുത്താന്‍ ആകില്ല. ഇവരെ സമൂഹം കരുതലോടെ ചേര്‍ത്ത് നിര്‍ത്തണം. ക്ഷമയും സഹാനുഭൂതിയുമൊക്കം പരിചരിക്കുന്നവര്‍ക്കും ആവശ്യമാണ്. 

No comments