Breaking News

ഹത്രാസ്, ബൽറാംപൂർ... അതെ, ആ പട്ടിക തീരുന്നില്ല..

 

🖊ഷബ്‌ന റുസ്‌ഫിദ്‌ 
ഇന്ത്യയിൽ ഒരു ദളിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടു. അവളുടെ ശബ്ദം ലോകം കേൾക്കാതിരിക്കാൻ അവളെ ആക്രമിച്ചവർ നാക്ക് മുറിച്ചെടുത്തു, അവള്‍ കൊല്ലപ്പെട്ടു. ദളിതയായ, ദരിദ്രയായ ആ പെൺകുട്ടിയുടെ ശരീരം വീട്ടുകാരെ പോലും കാണിക്കാതെ ഹത്രാസിലെ വയലിൽ പൊലീസ് കത്തിച്ചുകളഞ്ഞു. സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളുടെ ആദ്യത്തെ ഇരയല്ല ഹത്രാസിലെ പെൺകുട്ടി, അവസാനത്തേതും. എന്നാൽ ഒറ്റപ്പെട്ട സംഭവമായി എഴുതിതളളാൻ തിടുക്കം കൂട്ടുകയാണ് സവർണ ഭീകരത. ഹത്രാസിലെ നിലവിളിക്കിടെ യുപിയിലെ തന്നെ ബൽറാംപൂരിൽ 22 കാരിയായ ദളിത് യുവതി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. അതിന് പിന്നാലെ അലിഗഡിലും സിക്കന്ദര്‍പൂരിലും ബലാല്‍സംഗം റിപ്പോർട്ട് ചെയ്തു. കാന്‍പൂരില്‍ കാണാതായ 15 കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അതെ, ആ പട്ടിക തീരുന്നില്ല. സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഈ രാജ്യം ഉറപ്പ് നല്‍കുന്നത്?ഹത്രാസ് കൂട്ടബലാല്‍സംഗത്തിന് ശേഷവും നിലക്കാത്ത പെണ്‍ നിലവിളികള്‍ രാജ്യം കേൾക്കുന്നില്ലേ?

ബോളിവുഡ് താരങ്ങളുടെ പിന്നാലെ പായുന്ന ക്യാമറ കണ്ണുകളിലുടെ അപ്രതീക്ഷിതമായി പുറത്തുവന്നതാണ് ഹത്രാസിലെ ദാരുണ വാർത്ത. ഇതും മറ്റ് വാർത്തകളെ പോലെ അകത്ത് ഒന്നോ രണ്ടോ കോളത്തിൽ ഒതുങ്ങിയേനെ. കാരണം ഓരോ ദിവസവും നിരവധി ബലാത്സംഗ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ദേശീയ മാധ്യമങ്ങളുടെ ന്യൂസ് ഫീഡുകൾ തെരഞ്ഞാൽ കാണാം റേപ്പ് സെന്റർ ആയി മാറുന്ന ഇന്ത്യയുടെ ചിത്രം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. 2018നെ അപേക്ഷിച്ച് 2019ൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിൽ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. ഓരോ ദിവസവും 88 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിൽ 11% ഉം ദളിത് പീഡനങ്ങളായിരുന്നു. ജാതി പറയരുത് എന്നാണ്, പക്ഷെ ഇത്തരം സംഭവങ്ങളിൽ ജാതി പറഞ്ഞേ തീരൂ. ദളിതരെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥിതി ഇന്നും ബലാത്സംഗത്തെയും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളെയും ആയുധമാക്കുന്നു.

കൊലപാതകങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പൊലീസ് ക്രൂരതകളുടെയും നാടായി മാറിക്കൊണ്ടിരിക്കുകയാണ് യുപി. ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും സംസ്ഥാനത്ത് നിരന്തരം ആക്രമിക്കപ്പെടുന്നു. ദേശീയതലത്തിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെ 14.7 ശതമാനവും യുപിയിലാണ്. ഉത്തർപ്രദേശിൽ മാത്രമല്ല ഇന്ത്യയിൽ മുഴുവൻ സ്ത്രീ പീഡനങ്ങള്‍ നിത്യസംഭവങ്ങളായി മാറുന്നു. നാവ് അറുത്തും കണ്ണുകൾ ചൂഴ്ന്നും ജീവനോടെ കത്തിച്ചും പൊളളലേൽപ്പിച്ചും പെൺശരീരങ്ങൾക്ക് നേരെ നടത്തുന്ന ക്രുര പീഡനങ്ങൾക്കെല്ലാം സമാനതകളും കാണാം. ഏതു നിമിഷവും പീഡനങ്ങൾക്കും ക്രൂരതകൾക്കും ഇരയായേക്കാമെന്ന ഭീതികരമായ സാഹചര്യത്തിലാണ് ഓരോ പെൺഉടലുകളും പിറന്നുവീഴുന്നത്. 'ഇന്ത്യയുടെ കണ്ണൂനീർ', 'ഇന്ത്യയുടെ മകൾ', :മകളേ മാപ്പ്' തുടങ്ങിയ പറഞ്ഞ് പഴകിയ ഹാഷ്ടാഗുകൾ വല്ലാതെ തേഞ്ഞു പോയിരിക്കുന്നു, പ്രസക്തമല്ലാതായിരിക്കുന്നു. സ്ത്രീകളെ, ദളിത് ജീവിതങ്ങളെ പിച്ചിച്ചീന്തി കൊലപാതകങ്ങളും പീഡനങ്ങളും നടത്തി മുന്നേറാനുള്ള ധൈര്യവും അനുവാദവും അവര്‍ക്ക് നല്‍കുന്ന സവര്‍ണ രാഷ്ട്രീയാധികാരം ഇനിയെങ്കിലും ചോദ്യച്ചെയ്യപ്പെടേണ്ടതാണ്. ദരിദ്രർക്കും ദുർബലർക്കും ഒരിക്കലും നീതി ലഭിക്കില്ല എന്നത് കയ്പേറിയ സത്യമാണ്. കാരണം, നീതി അവര്‍ക്കുള്ളതല്ല, അത് അംഗീകരിച്ചേ മതിയാകൂ. പ്രതാപ് ഘഢിലെ ലാല്‍ഗഢില്‍ മിതാലി ലാല്‍ എന്ന 19കാരിയായ ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നിട്ടുണ്ട്. ഉന്നാവിലെ പെൺകുട്ടി ഇന്നും നീറുന്ന നോവാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിർഭയ കേസിനെ തുടർന്ന് സ്ത്രീസുരക്ഷയ്ക്കായുള്ള നിയമങ്ങളും ശക്തമായനടപടികളും ആരംഭിച്ചുവെങ്കിലും പല സംസ്ഥാനങ്ങളിലും സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇനിയൊരു നിര്‍ഭയ ആവര്‍ത്തിക്കില്ലെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പ്രഖ്യാപിച്ചു. പക്ഷേ ഇവിടെ എത്ര നിര്‍ഭയമാരെ നമ്മള്‍ കണ്ടു. കാലഹരണപ്പെട്ടതാണ് ഇവിടുത്തെ നിയമസംവിധാനം. അത് തന്നെയല്ലേ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ പറയുന്നത്. ഫലപ്രദമാകുന്നില്ലെങ്കിൽ , ഇനിയൊരാളും ഒരു സ്ത്രീയുടെ നേരെയും കാമവെറി തീര്‍ക്കാന്‍ ധൈര്യപ്പെടാത്ത വിധം നീതി സംവിധാനത്തെ പൊളിച്ചെഴുതുകയാണ് വേണ്ടത്.

‘സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം’ എന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ ഓർക്കാം. സ്വാതന്ത്ര്യം ലഭിച്ച് 73 വർഷമായിട്ടും ആ വഴി ഇവിടെ ഇനിയും ഒരുങ്ങിയിട്ടില്ല എന്നുതന്നെയാണ് ഹത്രസിലെ പെൺകുട്ടിയും പറയുന്നത്.

No comments