Breaking News

ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടി മരിച്ച സംഭവം കൊലപാതകം; പ്രതി സഹോദരൻ


കാസർകോട്: കാസർകോട് ബ്ളാലിൽ വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പതിനാറുകാരി ആൻമേരിയെ സഹോദരൻ ആൽബിൻ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.പിതാവ് ബെന്നി, മാതാവ് ബെസി ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നില ഗുരുതരമാകുകയുമായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് ആൻമേരി മരിച്ചത്. പിന്നീടാണ് കുട്ടിയെ ഐസ്ക്രീമിൽ വിഷം കലര്‍ത്തി സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. 

ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് കേസില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ആല്‍ബിനും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.ഒരേ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും നാലാമന് കുഴപ്പമില്ലാതെ വരികയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് പൊലീസ് ആല്‍ബിനെ ചോദ്യം ചെയ്തത്. ഇതോടെയാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായത്.ഇരുപത്തിരണ്ടുകാരനായ ആല്‍ബിന്‍റെ രഹസ്യബന്ധങ്ങള്‍ തുടരാന്‍ കുടുംബം തടസമാകുമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

No comments