Breaking News

പട്ടിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ, ചുറ്റും പൂജാദ്രവ്യങ്ങൾ; പെണ്‍മക്കളെ ബലി നല്‍കി ദമ്പതികൾ

ഹൈദരാബാദ്: ആന്ധ്രയില്‍ രണ്ട് പെണ്‍മക്കളെ കൊന്ന് ബലി നല്‍കിയ സംഭവത്തില്‍ മാതാപിതാക്കൾ അറസ്റ്റിൽ. മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് ഇരുവരെയും ബലി നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. അച്ഛനായ പുരുഷോത്തമൻ നായിഡു കോളജ് പ്രഫസറും അമ്മ പദ്മജ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്.

വീട്ടിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത് . തുടര്‍ന്ന് അകത്തുകടന്നപ്പോള്‍ ഒരു കുട്ടിയെ പൂജാമുറിയിലും സഹോദരിയെ അടുത്ത മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് കണ്ടെടുത്ത പട്ടില്‍ പൊതിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങള്‍ നിരത്തിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളില്‍ ഒരാളുടെ വായില്‍ പാത്രം തിരുകിയിരുന്നതായും പൊലീസ് പറയുന്നു.

ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കലിയുഗം ഇന്ന് രാത്രി അവസാനിക്കുമെന്നും നാളെ തുടങ്ങുന്ന സത്യയുഗത്തിൽ മക്കൾ പുനർജനിക്കുമെന്നും ഒരു ആത്മീയ സന്ദേശം ലഭിച്ചെന്നും അതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

No comments