മൂന്നാം ക്ലാസുകാരനെ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു
എറണാകുളം: കൊച്ചിയിൽ മൂന്നാം ക്ലാസുകാരന്റെ കാലിൽ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ച് കൊടുംക്രൂരത. സംഭവത്തില്‍ അങ്കമാലി സ്വദേശിയായ പ്രിൻസ് (21) എന്നയാളെ മരട് പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടി കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിനാണ് ഉപദ്രവിച്ചതെന്ന് വീട്ടുകാർ പറയുന്നു.
കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്രിൻസ്. എന്നാൽ ഇതുവരെ അക്കാര്യത്തിൽ വ്യക്തതയില്ല. തുടർ അന്വേഷണങ്ങൾക്ക് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട് എന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടികളുടെ അച്ഛൻ കഴിഞ്ഞ ഒരു വർഷമായി തളർവാതം വന്ന് കിടപ്പിലാണ്.

No comments