'വ്യാജ' സുപ്രീംകോടതി ജഡ്ജി തട്ടിയത് ലക്ഷങ്ങൾ; കണ്ണൂർ സ്വദേശി പിടിയിൽ
തൃശൂർ: സുപ്രീംകോടതി ജഡ്ജിയെന്ന വ്യാജേന പാലിയേക്കര സ്വദേശിയിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷ്(37) ആണ് പിടിയിലായത്. 2019ൽ പാലിയേക്കര സ്വദേശിയുടെ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ റോപ്പ് പൊട്ടി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാണ് പണം കൈപ്പറ്റിയത്.
തന്റെ സുഹൃത്തായ മറ്റൊരു ജഡ്ജി മുഖേന കേസ് റദ്ദാക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ തവണകളായി പണം തട്ടിയത്. ഒരു ഇടനിലക്കാരൻ വഴിയാണ് സുപ്രീംകോടതി ജഡ്ജിയെന്ന് പരിചയപ്പെടുത്തി ജിഗീഷ് ഇടപെടുന്നത്. ഒരാഴ്ചയ്ക്കകം കേസ് റദ്ദ് ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഇയാൾ പിന്നീട് ക്രെയിൻ ഉടമ ബന്ധപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞു മാറി. തുടർന്ന് താൻ പിൻമാറുകയാണെന്ന് അറിയിച്ച ഇയാൾ വാങ്ങിയ തുകയ്ക്കുള്ള ചെക്ക് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ബാങ്കിൽ ഹാജരാക്കിയ ചെക്ക് മടങ്ങിയതോടെയാണ് ക്രെയിൻ ഉടമ പൊലീസിനെ സമീപിച്ചത്. ഒളിവിൽ കഴിയവെ അന്നമനടയിലെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.
No comments