ആഴ്ചയിൽ നാല് ദിവസം ജോലി; പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ
ന്യൂഡൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം. ആഴ്ചയിൽ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി എന്നതാകും പുതിയ തൊഴിൽ ക്രമം. എന്നാൽ പ്രവൃത്തി ദിവസം കുറഞ്ഞാലും ജോലി സമയം 48 മണിക്കൂർ തന്നെയാകുമെന്ന് തൊഴിൽ സെക്രട്ടറി അപൂർവ്വ ചന്ദ്ര പ്രതികരിച്ചു.തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ താഴെയാകും. നാല് ദിവസമാണെങ്കിൽ ശമ്പളത്തോട് കൂടിയ മൂന്ന് അവധി ദിനങ്ങൾ ജീവനക്കാർക്ക് നൽകണം. 48 മണിക്കൂർ പ്രതിവാര പ്രവൃത്തി സമയ പരിധി നിലനിൽക്കുമെന്നും അപൂർവ്വ ചന്ദ്ര വ്യക്തമാക്കി.
നാല് ദിവസത്തെ പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി നൽകുന്നില്ലെങ്കിൽ, ഇത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും തൊഴിലുടമയ്ക്കെതിരെ നടപടി എടുക്കാനാകുമെന്നും അപൂർവ ചന്ദ്ര പറഞ്ഞു. അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നൽകേണ്ടി വരും. അതേ സമയം അന്തിമ തൊഴിൽ കോഡിൽ മാറ്റങ്ങളുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്തംബറിലാണ് പാർലമെന്റ് പുതുക്കിയ നാല് ലേബർ കോഡുകൾ പാസാക്കിയത്.
നിയമങ്ങളുടെ ആദ്യ കരട് ഡിസംബറിൽ മന്ത്രാലയം പുറത്തിറക്കുകയും ജനുവരിയിൽ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. നിയമങ്ങളുടെ അന്തിമ രൂപം തയ്യാറാക്കുകയാണെന്നും ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അപൂർവ ചന്ദ്ര പറഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഫെബ്രുവരി പത്തിനകം നിയമങ്ങളുടെ കരട് പുറത്തിറക്കും.
No comments