Breaking News

വിമാനയാത്രാ നിരക്ക് വർധനക്കെതിരെ സോഷ്യൽ ഫോറം - എസ്.ഡി.പി.ഐ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു

വിമാനയാത്രാ നിരക്ക് വർധനക്കെതിരെ സോഷ്യൽ ഫോറം - എസ്.ഡി.പി.ഐ സംയുക്ത  പ്രതിഷേധം സംഘടിപ്പിച്ചു

ദമ്മാം/കോഴിക്കോട്: നാടണയാൻ കാത്തിരിക്കുന്ന പ്രവാസികളുടെ മേല്‍, വന്ദേഭാരത് മിഷന്റെ ഭാഗമായി, വിമാന നിരക്കില്‍ ഏര്‍പ്പെടുത്തിയ ഭീമമായ വര്‍ധനവിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറവും എസ്.ഡി.പി.ഐയും രംഗത്ത്. പ്രവാസികളെ കൊളളയടിക്കുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സംഘടനകളും സംയുക്തമായി എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നിലവിലുളള നിരക്ക് പോലും താങ്ങാനാകാതെ നിരവധി പ്രവാസികളാണ് സൗദി അറേബ്യയുടെ വിവിധ നഗരങ്ങളിൾ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ ദുരിതക്കയത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ കുറഞ്ഞ നിരക്കിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് മുസ്തഫ പാലേരി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ രംഗത്തും പുരോഗതി കൈവരിക്കാൻ കേരളത്തെ സഹായിച്ചത് പ്രവാസികളാണ്. എന്നാൽ രക്ഷാദൗത്യമെന്ന് പേരിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന എയർ ഇന്ത്യയും കേന്ദ്ര ഗവൺമെൻ്റും മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം- കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് നാസർ കൊടുവള്ളി അഭിപ്രായപ്പെട്ടു.

ഇതിനോടകം ഇരുന്നൂറിലധികം മലയാളികളുടെ ജീവനാണ് കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ പൊലിഞ്ഞത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അവരിൽ പലരുടെയും നാട്ടിലെ കുടുംബങ്ങൾ ദുരിതക്കയത്തിലാണ്. ഇവർക്ക് സാമ്പത്തിക സഹായം, സർക്കാർ ജോലി എന്നിവ നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി പ്രവാസികളെ ദുരിതത്തിലാക്കുന്നത് അവസാനിപ്പിക്കുകയും,രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും ജനപ്രധിനിധികളും കേരള സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി സലിം കാരാടി സ്വാഗതവും സൗത്ത് മണ്ഡലം പ്രസിഡൻറ് റിയാസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധികളായ റഫീഖ് വട്ടോളി, അലി താമരശ്ശേരി, അബ്ദുള്ള കത്തറമ്മൽ എന്നിവർ പങ്കെടുത്തു.


No comments