Breaking News

കണ്ണൂരിൽ അതീവ ജാഗ്രത; കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ നിരോധനാജ്ഞ ഏർപ്പെടുത്തും




കണ്ണൂര്‍:സാമൂഹിക വ്യാപനം സംശയിക്കുന്ന കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരമെന്ന് കളക്ടര്‍ ടി.വി സുഭാഷ്. ജില്ലയിൽ സമൂഹ വ്യാപന സാധ്യതയേറിയിട്ടും ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ലെന്നും അനാവശ്യമായി പുറത്തിറങ്ങി നടക്കുകയാണെന്നും കളക്ടർ പറഞ്ഞു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങള്‍ക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും പൂർണ്ണമായി അടച്ചു.

ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തതുമാണ് ജില്ലിയിൽ സമൂഹവ്യാപനമെന്ന ആശങ്കക്കിടയാക്കിയത്. ഈ കുടുംബത്തിലെ ആളുകളുമായി സമ്പർക്കമുണ്ടായ രണ്ടുപേർക്കും കോവിഡ് ബാധിച്ചു.

229 പേർക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരിൽ 103 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 26 തദ്ദേശ സ്ഥാപനങ്ങൾ ഹോട്ട് സ്പോട്ടുകളാണ്.

വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

No comments