Breaking News

ദുരിതത്തിലായ പ്രവാസികളുടെ മടക്കയാത്ര മുടക്കരുത്;ഐഎസ്എഫ്

ദുരിതത്തിലായ പ്രവാസികളുടെ മടക്കയാത്ര മുടക്കരുത്;ഐഎസ്എഫ്

റിയാദ്: കേരളത്തിലേക്ക് മടങ്ങുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന്  ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.  കോവിഡ് പ്രതിസന്ധിയെ തുടർന്ന് അസാധാരണമായ സാഹചര്യത്തിലൂടെയാണ് ഓരോ പ്രവാസിയും കടന്നുപോകുന്നത്. എങ്ങനെയും സ്വന്തം മണ്ണിലേക്ക് എത്തിപ്പെടാൻ കാത്തിരിക്കുന്ന പ്രവാസി മലയാളികളുടെ ശ്രമത്തിന് തിരിച്ചടിയാവുകയാണ്  സര്‍ക്കാര്‍ ഉത്തരവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനം മുന്നോട്ടുവെച്ച ടെസ്റ്റ് സൌദി അറേബ്യയില്‍ പ്രായോഗികമാകില്ല. പതിനായിരം രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന പരിശോധനാ സംവിധാനം വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ലഭ്യമാകുക. ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ടെസ്റ്റ് സൌജന്യമായി ലഭിക്കുമെങ്കിലും ഫലം വരാന്‍ മൂന്ന് മുതല്‍ ഒരാഴ്ചയിലേറെ സമയമെടുക്കും.കൂടാതെ രോഗ ലക്ഷണങ്ങളില്ലാത്തവർക്ക് ടെസ്റ്റിന് അനുമതിയുമില്ല. റാപ്പിഡ് ടെസ്റ്റും ആന്‍റിബോഡി പരിശോധനയും പ്രോത്സാഹിപ്പിക്കാത്ത സൗദിയില്‍ പിസിആര്‍ ടെസ്റ്റ് മാത്രമാണ് ലഭ്യമാവുക. ആശുപത്രികളിൽ ടെസ്റ്റിന് മുപ്പതിനായിരം രൂപയ്ക്ക് മുകളിലാണ് ചെലവ്. വിസ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും ചികിത്സക്കുമായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് നിരവധി പേരാണ് ഗൾഫ് രാജ്യങ്ങളിൽ കാത്തിരിക്കുന്നത്.

പ്രവാസികളെ എന്നും ചേര്‍ത്ത് നിറുത്തിയിട്ടുള്ള സര്‍ക്കാർ, പിറന്ന മണ്ണിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരുടെ പ്രയാസങ്ങൾ  മനസ്സിലാക്കണമെന്നും, പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടിയിൽ നിന്ന് പിൻമാറണമെന്നും ഐഎസ്എഫ് കത്തിൽ ആവശ്യപ്പെട്ടു.




No comments