Breaking News

പാലത്തായി മറ്റൊരു വാളയാറാകാൻ അനുവദിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്



കണ്ണൂർ: പാലത്തായി പീഡനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും നിയമ ലംഘനവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. 

പ്രതിയെ അറസ്റ്റ് ചെയ്ത് മാസങ്ങളോളമായിട്ടും  യാതൊരു നടപടിക്രമങ്ങളുമുണ്ടാകാത്തത് കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജവാദ് അമീർ ആരോപിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ  അന്വേഷണസംഘത്തിന് ഇതുവരെയുെം കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിട്ടില്ല എന്നത് ജനാധിപത്യ സമൂഹം വളരെ ഗൗരവത്തിൽ  കാണണം. ഇതിന് പിന്നിൽ കേസ് അട്ടിമറിക്കാനുളള ശ്രമമാണ്.
ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.ഈ സാഹചര്യത്തിൽ പാലത്തായി പീഡനം മറവിക്ക് വിട്ടുകൊടുക്കരുതെന്നും കേസിൽ നീതി കിട്ടുന്നതു വരെ സമരരംഗത്ത് മുന്നിൽ നിന്ന് പോരാടുമെന്നും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശബീർ എടക്കാട് വ്യക്തമാക്കി.

ജില്ലാ വൈസ് പ്രസിഡന്റുമാരായ മിസ് ഹബ് ഇരിക്കൂർ, അഞ്ജു ആന്റണി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആരിഫ മെഹബൂബ്, ശബീർ എടക്കാട്, ജില്ലാ സെക്രട്ടറിമാരായ മുഹ്‌സിൻ ഇരിക്കൂർ , അർശാദ് ഉളിയിൽ ,മശ്ഹൂദ് കാടാച്ചിറ, സഫൂറ നദീർ, ശഹ്സാന സി.കെ, ഹാഫിസ് കൂത്ത്പറമ്പ്, ഷമീർ പുതുക്കൂൽ എന്നിവർ ഓൺലൈൻ സെക്രട്ടറിയേറ്റ്  മീറ്റിംഗിൽ സംസാരിച്ചു.

No comments