എറണാകുളം ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പ് ഉണ്ടാകില്ല

കൊച്ചി: കോവിഡ് വ്യാപപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കും. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വർധന രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്.
എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ ഇത് വരെ 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരെല്ലാം കോവിഡ് രോഗികളുടെ അടുത്ത ബന്ധുക്കളോ രോഗികളുമായി വളരെ അടുത്ത് സമ്പർക്കത്തിലേർപ്പെട്ടവരോ ആണ്.
അതിനിടെ, ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കെോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാർഡിയോളജി ജനറൽ മെഡിക്കൽ വാർഡുകൾ അടച്ചു.
No comments