Breaking News

കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; പുതിയ മാർഗനിർദേശങ്ങൾ അറിയാം


കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ജില്ലയിലെ മാളുകൾ,ഷോപ്പുകൾ  ഉള്‍പ്പെടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചു മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.

വൈകുന്നേരം അഞ്ചു മണിവരെ മാത്രം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും. രാത്രി എട്ടു മണിവരെ പാർസലായി ഭക്ഷണ വിതരണം നടത്താം. ഹോട്ടലുകളില്‍ പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പു വരുത്തണം. സ്ഥാപനങ്ങളിൽ സന്ദർശകരുടെ  മൊബൈല്‍ നമ്പറും,പേര് വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി വെക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയില്‍ ആവശ്യമെങ്കിൽ രജിസ്റ്റർ ഹാജരാക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കും.‌‌‌‌‌‌

വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ  പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ വഴി ഊര്ജിതപ്പെടുത്തും. വിദേശ രാജ്യങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും , സംസ്ഥാനത്തെ മറ്റു ഹോട്ട്സ്പോട്ടുകളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേകം നിരീക്ഷിക്കും.

നിയന്ത്രിത സന്ദർശന പാസ്  വഴി ജില്ലയില്‍ എത്തിച്ചേരുന്നവര്‍ സന്ദർശന ഉദ്ദേശം കഴിഞ്ഞാൽ മറ്റ് ഇടങ്ങളുമായി ബന്ധപ്പെടാതെ യഥാസമയം തിരിച്ച് പോകുന്നുണ്ടെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും പോലീസും പ്രത്യേകം ഉറപ്പുവരുത്തും. നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്ന സന്ദര്‍ശകര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും.

മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിലെ തട്ടുകടകളുടെ പ്രവര്‍ത്തനങ്ങൾക്  പൂര്‍ണ്ണമായും നിരോധനം ഏർപ്പെടുത്തി. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക്  മറ്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ സ്വീകരിക്കും.‌‌‌‌‌‌

ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ജൂലൈ മാസം  പൂര്‍ണ്ണമായും അടച്ചിടും. മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സ്ഥലത്തെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ചേർന്ന് തയ്യാറാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്  തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

അവശ്യ സാധനങ്ങള്‍ വില്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ ഞായറാഴ്ച ദിവസം പ്രവർത്തിക്കാൻ അനുവദിക്കില്ല. പാര്‍ക്കുകള്‍ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഞായറാഴ്ചകളിൽ പ്രവേശനം ഉണ്ടാവില്ല. 

ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനം കോണ്‍ട്രാക്ടര്‍മാര്‍ തന്നെ ഒരുക്കേണ്ടതും, കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും  ഉറപ്പു വരുത്തണം. കോൺട്രാക്ടർമാർ വഴിയല്ലാതെ വരുന്ന തൊഴിലാളികള്‍ക്ക്  അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനവും ലേബർ ഡിപ്പാർട്ടുമെൻ്റും ചേർന്ന് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തണം.

പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ  മാസ്ക്ക്,ഗ്ലൌസ്‌, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ക്ഷാമം നേരിടാത്ത വിധം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തും.

മറ്റു സ്ഥലങ്ങളില്‍ നിന്ന് പട്ടിക ജാതി  പട്ടിക വര്‍‍ഗ്ഗ കോളനികളിലേക്ക് എത്തുന്നവരെ  പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷിക്കുകയും, ആവശ്യമെങ്കില്‍ ഇത്തരക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർവഹിക്കും. ഈ കോളനികളില്‍ താമസിക്കുന്നവര്‍ സാമൂഹീക അകലം, ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുകയും SC/ST പ്രമോട്ടര്‍മാര്‍ വഴി ഇതു സംബന്ധിച്ച ബോധവല്‍ക്കരണം  നടത്തുകയും ചെയ്യും.

ബസുകളില്‍ സാമൂഹീക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഉറപ്പു വരുത്തും, നിർദേശങ്ങൾ ലങ്കിച്ചു സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിലെ എല്ലാ മാളുകളിലും , ഷോപ്പുകളിലും വലിയ കച്ചവട കേന്ദ്രങ്ങളിലും  സന്ദർശകരുടെ മൊബൈല്‍ നമ്പറും, പേര് വിവരങ്ങളും,  രജിസ്റ്ററില്‍ രേഖപ്പെടുത്തി പ്രത്യേകം സൂക്ഷിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താല്‍കാലികമായി റദ്ദ് ചെയ്യും. 

ജില്ലാ ഭരണകൂടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപിഡെമിക് ആക്ട് 2020 പ്രകാരവും, ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ജില്ലാ പോലീസ് മേധാവി കർശന നിയമ നടപടികൾ സ്വീകരിക്കും.

No comments