ഏച്ചൂരിലെ യുവാവിന്റെ മരണം; ഒരാൾ അറസ്റ്റിൽ
കണ്ണൂര്‍: ഏച്ചൂരിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി അറസ്റ്റിലായി. മാവിലാച്ചാലിലെ പി.സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 22നാണ് ഏച്ചൂർ മാവിലാച്ചാലിലെ ഷിനോജിനെ (43) മച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ആദ്യം കരുതിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിന്‍റെ പിൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറംലോകത്തെത്തിച്ചത്.
ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സന്തോഷിന്റെ വീടിന് മുന്നിലായി ഷിനോജും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഷെഡ് കെട്ടുകയും അവിടെ കൂട്ടം കൂടി മദ്യപാനം പതിവാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റവും പിടിവലിയുമുണ്ടായി. ഇതിനിടയില്‍ സന്തോഷ്, ഷിനോജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
മരണത്തിന്റെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളും ആവശ്യം ഉന്നയിച്ചിരുന്നു.
No comments