കണ്ണൂരിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തെചൊല്ലി പ്രതിഷേധം; നേതാക്കളെ തടഞ്ഞു
കണ്ണൂർ: കണ്ണൂരിൽ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്‍ലിം ലീഗിൽ തർക്കം. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവരെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ചു. പ്രവർത്തകർ കാറിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു. ഷബീന ടീച്ചറെ ഡപ്യൂട്ടി മേയറായി നിശ്ചയിച്ചത് ജില്ലാ പ്രസിഡന്‍റ് ഏകപക്ഷീയമായാണെന്നാണ് വിമർശനം.
കസാനക്കോട്ട ഡിവിഷനിൽനിന്നു ജയിച്ച ഷമീമ ടീച്ചർക്കുവേണ്ടി ഒരു വിഭാഗവും, ആയിക്കര ഡിവിഷനിൽനിന്നു ജയിച്ച കെ എം സാബിറ ടീച്ചർക്ക് വേണ്ടി മറ്റൊരു വിഭാഗവും താണയിൽനിന്നു ജയിച്ച കെ ഷബീന ടീച്ചർക്കു വേണ്ടി വേറൊരു വിഭാഗവും രംഗത്തുവന്നതോടെയാണ് തർക്കം ഉടലെടുത്തത്. ഇന്നലെ രാവിലെ 10 മണി മുതൽ ആരംഭിച്ച വൈസ് ചെയർപേഴ്സണെ തെരഞ്ഞെടുക്കാനുള്ള ചർച്ച രാത്രി വൈകിയാണ് അവസാനിച്ചത്. താണയിൽ നിന്ന് ജയിച്ച കെ ഷബീനയെ വൈസ് ചെയർമാനാക്കാനുള്ള തീരുമാനം വന്നത് പതിനൊന്ന് മണിയോടെയാണ്. രാത്രി വൈകിയുള്ള ഈ തീരുമാനമാണ് തർക്കത്തിൽ കലാശിച്ചത്.

No comments