Breaking News

ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും

 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രണ്ടാം ഇംപീച്ച്മെന്റ് പാസ്സായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം. കാപ്പിറ്റോൾ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ചെന്ന് കാണിച്ചാണ് നടപടി. 197നെതിരെ 232 വോട്ടിനാണ് പ്രമേയം പാസ്സായത് . 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രമ്പിനെതിരെ വോട്ട് ചെയ്തു. ഇതോടെ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ്. ഇംപീച്ച്മെന്റ് വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.

അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ കലാപത്തിന് ശേഷമാണ് ഡോണള്‍ഡ് ട്രംപിനെ ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കാനുള്ള നടപടികൾക്കിടെയാണ് ട്രംപ് അനുകൂലികൾ കാപിറ്റോളിലേക്ക് അതിക്രമിച്ചു കടന്നത്. തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു.

2019 ഡിസംബറിലും ട്രംപിനെ ഇംപീച് ചെയ്യാൻ ഡെമോക്രാറ്റുകൾ ശ്രമിച്ചിരുന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ റിപ്പബ്ലിക്കന്മാർക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

അതേസമയം ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ ട്രംപിന്റെ യൂട്യൂബ് ചാനലിനും ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. കലാപത്തിന് പ്രേരിപ്പിക്കാൻ സാധ്യതയുള്ള വീഡിയോ അപ്ലോഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബിന്റെ നടപടി

No comments