Breaking News

അമേരിക്കയ്ക്ക് നാണക്കേടായി കലാപം; ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍, നിരവധി ലോകനേതാക്കളാണ്  വിമർശനം അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ്  അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനുമേല്‍ അമേരിക്കന്‍ ഭരണഘടനയിലെ  25ാമത് ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായത് .യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ്ഹൗസിൽ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതകൾ കാബിനറ്റ് അംഗങ്ങൾ തേടുന്ന കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

1967 ലാണ് ഭരണഘടനയിലെ 25ാമത് ഭേദഗതി അമേരിക്ക അംഗീകരിക്കുന്നത്. പ്രസിഡന്റ് മരിക്കുകയോ അപ്രാപ്തനാകുകയോ ചെയ്യുമ്പോള്‍ പുതിയ രാഷ്ട്രതലവനെ സൃഷ്ടിക്കുന്നതിനുള്ള നിയമ സംവിധാനം ഉണ്ടാകുന്നത് ഇതിലൂടെയാണ്.

അമേരിക്കയുടെ പ്രസിഡന്റ് മരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ സ്ഥിരമായി വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിക്കുന്നതും ഈ ഭേദഗതിയിലൂടെയാണ്.

നിലവില്‍ ഡൊണാള്‍ഡ് ട്രംപിനെ മൈക്ക് പെന്‍സിന് 25ാമത് ഭരണഘടനയുടെ 4ാമത് ഭാഗം ഉപയോഗിച്ച് മാത്രമേ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നാലാമത്തെ അനുച്ഛേദം ട്രംപിനെതിരായി പ്രയോഗിക്കപ്പെട്ടാല്‍ പ്രസിഡന്റ് അയോഗ്യനായതുകൊണ്ട് പുറത്താക്കപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റാകും ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്‍റിലേക്ക് ട്രംപ്  അനുകൂലികള്‍ നടത്തിയ കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. 

No comments