Breaking News

പെൺകുട്ടികൾക്ക് സർക്കാരിന്റെ വിവാഹ ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കു വിവാഹധനസഹായം നൽകുന്നു. സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് സഹായം അനുവദിക്കുന്നത്. 

അർഹത

പെൺകുട്ടി സംവരണേതര വിഭാഗങ്ങളിൽപെടുന്ന ആളായിരിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷംരൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ AAY, മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളായിരിക്കണം. 22 വയസ്സിനു മുകളിലായിരിക്കണം വിവാഹിതയായ പെൺകുട്ടിയുടെ വയസ്സ്.

ഒരു ലക്ഷം രൂപ ധനസഹായം

വിവാഹിതയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ലക്ഷം രൂപ സഹായധനമായി ലഭിക്കും. 2020 ഏപ്രിൽ ഒന്നിനുശേഷം വിവാഹിതരായവർക്കാണ് ധനസഹായത്തിനുള്ള അർഹത. ലഭ്യമാകുന്ന അപേക്ഷകളിൽനിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള നൂറുപേർക്കാണ് ധനസഹായം. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും. 

എങ്ങനെ അപേക്ഷിക്കണം?

അപേക്ഷാഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19 ആണ്. അപേക്ഷ നിർദിഷ്ട രേഖകൾ സഹിതം കോർപറേഷന്റെ ഓഫിസിൽ നേരിട്ടു സമർപ്പിക്കുകയോ തപാൽ വഴി അയയ്ക്കുകയോ ചെയ്യാം. 

എന്തെല്ലാം രേഖകൾ വേണം?

വിവാഹ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്), വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത് എന്നിവയും ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

വിലാസം: കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ L2, കുലീന, TC9/476, ജവഹർ നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം – 695003 ഫോൺ: 0471–2311215

No comments