കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ ജില്ലാ കലക്ടറുടെ അനുമതി
കണ്ണൂർ:കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവം നടത്താൻ ജില്ലാ കളക്ടറുടെ അനുമതി. ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ പൂർണ്ണമായും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുന്നത്.
ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ആളുകളെ മാത്രം അടിയന്തിര ചടങ്ങുകളിൽ ഉൾപ്പെടുത്തണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും , സാമൂഹ്യ അകലം പാലിക്കണമെന്നും, അക്കരെ സന്നിധാനത്ത് ശാരീരിക ശുചിത്വ സംവിധാനങ്ങൾ ഒരുക്കണമെന്നും നിബന്ധനയുണ്ട് .
വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ ദൈവത്തെ കാണലും , പ്രാക്കൂഴവും ചടങ്ങുകൾ മാത്രമായി നടത്തുവാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു .എന്നാൽ ജൂൺ ആദ്യവാരം തുടങ്ങേണ്ട അക്കരെ സന്നിധാനത്തിലെ ചടങ്ങുകളെ കുറിച്ച് ആശങ്ക നിലനിൽക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി ഏറെനാളായി തുടരുന്ന ആശങ്കയാണ് അസ്തമിച്ചത്.

No comments