കണ്ണൂരിൽ പളളികൾ ഉടൻ തുറക്കില്ല
കണ്ണൂർ അബ്റാർ ജുമാ മസ്ജിദും തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദും തളിപ്പറമ്പ് ഹൈദ്രോസ് ജുമാ മസ്ജിദും ഉടൻ തുറക്കില്ല. ജില്ലയിലെ മറ്റ് പളളികളിലും സമാന തീരുമാനം ഉണ്ടായേക്കും.
ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ശ്രമകരമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതേ സമയം, എറണാകുളം ജില്ലയിലെ പളളികൾ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്‍റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. പുനലൂർ ആലഞ്ചേരി മുസ്‍ലീം ജമാഅത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല.
കേരളത്തിൽ ചൊവ്വാഴ്ച മുതൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. ആരാധനാലയങ്ങള്‍ക്കുള്ളിൽ ഭക്തര്‍ ആറടി അകലം പാലിക്കണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും 10 വയസ്സിനു താഴെ പ്രായമുള്ളവരെയും ആരാധനാലയങ്ങള്‍ക്കുള്ളിൽ പ്രവേശിപ്പിക്കാൻ പാടില്ല. ആദ്യം വരുന്നവര്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. കയറാനും ഇറങ്ങാനും പ്രത്യേകം വഴി വേണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ പേര് വിവരം സൂക്ഷിക്കണം. വിഗ്രഹങ്ങളില്‍ തൊടരുത്. അന്നദാനം, ചോറൂണ് ഒഴിവാക്കണം, മാമോദീസ കരസ്പര്‍ശമില്ലാതെ.പായ, വിരിപ്പ് തുടങ്ങിയവ ആരാധനയ്ക്ക് എത്തുന്നവര്‍ തന്നെ കൊണ്ടു വരണം. ക്യൂ നിൽക്കേണ്ട സ്ഥലം ഉള്‍പ്പെടെ അടയാളപ്പെടുത്തണം തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിർദേശം.

No comments