Breaking News

പക്ഷിപ്പനി സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാനം മുഴുവന്‍ ജാഗ്രത നിര്‍ദേശവും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമുണ്ട്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്നൊടുക്കും. കർഷകർക്ക് ആനുപാതിക നഷ്ടപരിഹാരം ഉറപ്പാക്കും. 

കേരളത്തിൽ ഇന്നലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, തകഴി, പളളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയത്തെ നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയാൻ നടപടിയെടുത്തുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

എച്ച്5എന്‍8 വിഭാഗത്തിൽപ്പെട്ട വൈറസാണെന്നാണ് സ്ഥിരീകരിച്ചത്. ഇവ മനുഷ്യരിലേക്ക് ഇതുവരെ പകർന്നിട്ടില്ല. എന്നാൽ പകരില്ലെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കും. ഇതിനായി ദ്രുത കർമ സേനയെ നിയോഗിച്ചു. കർഷകർക്കും പക്ഷികളുടെ ഉടമകൾക്കും സർക്കാർ അർഹമായ നഷ്ട പരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

No comments